ന്യുഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in എന്ന യു.ജി.സി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിൻ ചെയ്ത് പരീക്ഷ ഫലം പരിശോധിക്കാവുന്നതാണ്. 2021 നവംബർ 20 നും 2022 ജനുവരി 5 നും ഇടയിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഡിസംബർ 2020ലെയും ജൂൺ 2021ലെയും നെറ്റ് പരീക്ഷകൾ ഒരുമിച്ചാണ് നടത്തിയത്.
രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ് പരീക്ഷ. 12 ലക്ഷത്തിലധികം ആളുകൾ നെറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യയിലെ 837 കേന്ദ്രങ്ങളിൽ 81 വിഷയങ്ങളിലാണ് യു.ജി.സി-നെറ്റ് പരീക്ഷ നടന്നത്. നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 21ന് തന്നെ കമീഷൻ പ്രസിദ്ധീകരിച്ചിരുന്നു.