തെന്മല :വേനൽ കനത്തതോടെ പാലരുവി ജലപാതം നേർത്തു. എങ്കിലും സഞ്ചാരികൾക്ക് കുളിക്കുന്നതിന് തടസ്സമില്ല. അതിനാൽ അവധിദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവില്ല. കോവിഡിനെത്തുടർന്ന് തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരികൾ എത്താത്തത് ഇവിടത്തെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.
തെങ്കാശി, തിരുനെൽവേലി ജില്ലകളിലുള്ള സഞ്ചാരികളിൽ ഏറെപ്പേരും കുറ്റാലത്തിനൊപ്പം പാലരുവിയിലും എത്തുന്നത് പതിവായിരുന്നു.
കാട്ടുതീസാധ്യതയും ഉൾക്കാടുകളിൽ വെള്ളം കുറയുന്നതോടെ വന്യമൃഗങ്ങൾ ജലപാതത്തെ ആശ്രയിക്കാനുള്ള സാധ്യതയും പരിഗണിച്ച് മാർച്ച് പകുതിയോടെ പ്രവേശനം നിർത്തിവയ്ക്കാനിടയുണ്ട്. നീരൊഴുക്ക് കുറഞ്ഞുനിൽക്കുന്ന സമയത്ത്, വെള്ളച്ചാട്ടത്തിനുതാഴെ സഞ്ചാരികൾ കുളിക്കുന്ന ഭാഗത്തെ തകർന്ന കോൺക്രീറ്റ് നവീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.