തിരുവനന്തപുരം: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളൂകള്‍ വീണ്ടും പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്ക്കും ആത്മവിശ്വാസത്തോടെ സ്കൂളില്‍ പോകാവുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും എല്ലാവരും പാലിക്കേണ്ടതാണ്. വ്യാപനം കുറഞ്ഞെങ്കിലും കോവിഡില്‍ നിന്നും നമ്മള് ഇപ്പോഴും മുക്തരല്ല. അതിനാല്‍ കോവിഡിന്റെ ബാലപാഠങ്ങള്‍ എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുത്. എന്തെങ്കിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഈ കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാം…,
· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്കൂളില്‍ പോകരുത്.
· വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, സ്കൂള്‍ ബസ് ജീവനക്കാര്‍, കുട്ടികളെ സ്കൂളില്‍ വിടാന്‍ വരുന്നവര്‍ തുടങ്ങി എല്ലാവര്ക്കും ഇത് ബാധകമാണ്.
· അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, സ്കൂള്‍ ബസ് ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം
· 15 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്സിനെടുക്കേണ്ടതാണ്
· മാസ്ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക.
· വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക.
· നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്
· യാത്രകളിലും സ്കൂളിലും ആരും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
· ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
· പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.
· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
· ടോയ്ലറ്റുകളില് പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.
· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
· മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
· എന്തെങ്കിലും രോഗലക്ഷണമുണ്ടായാല്‍ വീട്ടില്‍ മാസ്ക് ഉപയോഗിക്കുക
· നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
· എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.