ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ മകം തൊഴൽ. പകൽ രണ്ടിന് ആരംഭിച്ച മകം തൊഴലിൽ രാവിലെമുതൽ സ്ത്രീകൾ സ്ഥാനംപിടിച്ചിരുന്നു. രാവിലെ ദേവി ശാസ്താ സമേതയായി ഓണക്കുറ്റി ചിറയിലെത്തി ആറാട്ടും ഇറക്കി പൂജയും നടത്തി.
പൂരപ്പറമ്പിൽനിന്ന് വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തി നിത്യചടങ്ങുകളും ശ്രീഭൂതബലിക്കുംശേഷം ഒന്നോടെ അലങ്കാരത്തിനായി നട അടച്ചു. തുടർന്ന് പകൽ രണ്ടിന് വിശേഷാൽ ആഭരണങ്ങളും തങ്കഗോളകയും ചെത്തി താമര തുളസി പുഷ്പഹാരങ്ങളും കേശാദിപാദ ഹാരങ്ങളുമണിയിച്ചശേഷം മേൽശാന്തി മനോജ് എബ്രാന്തിരി നട തുറന്നതോടെ മകം തൊഴൽ ആരംഭിച്ചു. രാത്രി 10 വരെ ദർശനം തുടർന്നു. വില്വമംഗലം സ്വാമികൾക്ക് ചോറ്റാനിക്കര ദേവി സർവാഭരണമണിഞ്ഞ് ദർശനം നൽകിയെന്ന ഐതിഹ്യം അനുസ്മരിച്ചാണ് മകം തൊഴൽ നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളോടെ വിപുലമായ സൗകര്യങ്ങളാണ് ഇക്കുറി ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയത്. സിനിമതാരങ്ങളായ നയൻതാര, വിഘ്നേഷ്, പാർവതി തുടങ്ങിയവർ മകം തൊഴാൻ എത്തിയിരുന്നു.