തിരുവനന്തപുരം: പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. കോട്ടയം സ്വദേശി കിരൺ (20), വയനാട് സ്വദേശി സൽമാൻ (19), തിരുവനന്തപരം മണക്കാട് സ്വദേശി നഫീസ് (19) എന്നിവരെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം. മൂവരും പാപനാശം ഓവിന്റെ ഭാഗത്ത് കടലിൽ കുളിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് മൂവരും മുങ്ങിത്താണെങ്കിലും ലൈഫ് ഗാർഡുകളായ ശിശുപാലൻ, റിമോൾട്ട് എന്നിവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. സാരമായി പരിക്കേറ്റ കോട്ടയം സ്വദേശി കിരണിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.