ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപിക്കുന്നുവെന്ന വിമർശനവുമായി ബിജെപി. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. സര്‍വകലാശാലകളെ മുഴുവന്‍ സി പി ഐ എമ്മിന്റെ പാര്‍ട്ടി താല്പര്യങ്ങള്ക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.
പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആജീവനാന്ത പെന്ഷന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന് മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി.