തിരുവനന്തപുരം : പൂന്തുറയിലെ കടലാക്രമണ ഭീഷണി തടയാൻ സ്ഥാപിക്കുന്ന ജിയോ ട്യൂബ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ഗതാഗതമന്ത്രി ആന്റണി രാജു ഫിഷറീസ് മന്ത്രി സജി ചെറിയാനോടൊപ്പം പൂന്തുറ സന്ദർശിച്ചു.
തീരത്തുനിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിനു സമാന്തരമായി ആറു മീറ്റർ ആഴമുള്ള സമുദ്രത്തിന് അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകൾ മണൽ നിറച്ച് മൂന്ന് അടുക്കായി സ്ഥാപിക്കാനാണ് പദ്ധതി. ഇതുപോലുള്ള അഞ്ച് യൂണിറ്റാണ് നിലവിൽ സ്ഥാപിക്കുന്നത്.ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റിലെയും നീളം 100 മീറ്ററും ഇവ തമ്മിലുള്ള അകലം 50 മീറ്ററും ആണ്. ബ്രേക്ക് വാട്ടറിന്റെ ഉപരിതലം വേലിയിറക്ക നിരപ്പിൽനിന്ന് ഏകദേശം ഒന്നുമുതൽ ഒന്നര മീറ്റർ താഴെയായിരിക്കും. ഫെബ്രുവരിയിലാണ് പദ്ധതി പൂന്തുറയിൽ ആരംഭിച്ചത്. മുംബൈ ആസ്ഥാനമായ ഡിവിപി ജിസിസി ജോയിന്റ് വെഞ്ചർ എന്ന കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്. 1000 ടൺ ശേഷിയുള്ള ബാർജുകൾ, ഉയർന്ന ശേഷിയുള്ള ഹാൻഡ് പമ്പ് ഡ്രഡ്ജറുകൾ, 800 മുതൽ 1000 ടൺ ശേഷിയുള്ള ഡ്രഡ്ജറുകൾ, സ്കൂബ ഡൈവിങ്, ഓക്സിജൻ ജനറേറ്റർ എന്നിവ ഘടിപ്പിച്ച പ്രത്യേകതരം ബാർജുകൾ തുടങ്ങിയ മറൈൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണം.