മോസ്കോ : കഴിഞ്ഞ ദിവസം കിഴക്കൻ യുക്രെയിനിൽ വിമത നിയന്ത്രണത്തിലുള്ള ഡോൺബാസിൽ ഷെല്ലാക്രമണം നടന്നതിന് പിന്നാലെ ഡോണെറ്റ്സ്ക് നഗരത്തിലും സ്ഥിതിഗതികൾ വളരെ രൂക്ഷമാകുന്നു. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുമെന്ന് റഷ്യൻ പിന്തുണയോട് കൂടിയ വിമത നേതാവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ യുക്രെയിനിൽ ഇന്നലെയും ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആണിത്.
ആളുകളെ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഡോണെറ്റ്സ്കിൽ ഒരു സൈനിക വാഹനം പൊട്ടിത്തെറിച്ചിരുന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.കിഴക്കൻ യുക്രെയിനിലെ മറ്റൊരു വിമത മേഖലയായ ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലും പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് വിമതർ അറിയിച്ചു. ഡോണെറ്റ്സ്കിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ശേഷം ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്ന് മാറ്റുന്നവർക്ക് റഷ്യയിൽ അഭയം നൽകുമെന്നാണ് വിവരം.