ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ അസോസിയേറ്റ് ബിലാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൗൺസിലറുടെ ഓഫിസിനടുത്ത് കടല വിറ്റിരുന്ന ആളാണ് പരാതി നൽകിയത്. കൗൺസിലറുടെ ഓഫിസിന്‍റെ സമീപത്തായി കട നിർമിക്കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസെന്ന് സിബിഐ വക്താവ് ആര്‍ സി ജോഷി പറഞ്ഞു. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിച്ചു. കൗണ്‍സിലര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ആം ആദ്മി പാര്‍ട്ടി എന്നും അഴിമതിക്ക് എതിരായാണ് നിലകൊള്ളുന്നത്.
അഴിമതി കാണിക്കുന്ന ഏത് ജനപ്രതിനിധിയാണെങ്കിലും, അത് എംഎല്‍എയോ എംപിയോ മുനിസിപ്പല്‍ കൗണ്‍സിലറോ ആരായാലും അവര്‍ക്കെതിരെ കടുത്ത മാതൃകാപരമായ നടപടി തന്നെ ഉണ്ടാവണം. സിബിഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഎപി വക്താവ് പറഞ്ഞു. അതേസമയം അറസ്റ്റിലായ ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ അറിയിച്ചു.