ഇംഫാൽ: മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസിനുനേരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ കുടുംബം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം പോലെ ഉപയോഗിച്ചെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി മണിപ്പൂരിലെ കര്‍ഷകരോടൊപ്പം നില്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിക്കുകയും 11 കോടി കർഷകർക്ക് ഓരോ വർഷവും 6,000 രൂപ നൽകുകയും ചെയ്തുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുമെന്നും മണിപ്പൂരിലെ കർഷകർക്ക് 2000 രൂപ അധികം നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിജെപി സർക്കാർ രാജ്യത്ത് 60,000 ലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങിയെന്നും സ്മൃതി ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായാണ് 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നും രണ്ടാം ഘട്ടം മാർച്ച് 5 നും നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുന്നത്.