തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായി പ്രവർത്തികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി വ്യക്തമാക്കി. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂർത്തമാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.
47 ലക്ഷം വിദ്യാർത്ഥികളും ഒരു ലക്ഷത്തിൽ പരം അധ്യാപകരും മറ്റന്നാൾ മുതൽ സ്കൂളുകളിൽ എത്തും. ഉത്കണ്ഠ ആവശ്യമില്ല. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമിൽ കടുംപിടുത്തമില്ല. ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.