ദുബൈ: വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വീണ്ടും ആവശ്യപ്പെട്ടു. ചില രാജ്യങ്ങൾ നിയന്ത്രണം ഒഴിവാക്കിയതിനാൽ അന്താരാഷ്ട്ര ടിക്കറ്റ് വിൽപന 11 ശതമാനം ഉയർന്നതായും അവർ ചൂണ്ടിക്കാണിച്ചു.
വിമാനയാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയും മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള ക്വാറൻറീനും ഒഴിവാക്കണമെന്ന് ആഴ്ചകളായി അയാട്ട സർക്കാറുകളോട് ആവശ്യപ്പെടുന്നുണ്ട്. പലരും വാക്സിൻ സ്വീകരിച്ചവർക്കുള്ള പരിശോധനയും ക്വാറൻറീനും ഒഴിവാക്കാൻ തയാറായി. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചക്കുള്ള അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ വിൽപന 11 ശതമാനം ഉയർന്നതെന്ന് അയാട്ട പറയുന്നു.
2019ൽ ഇതേ കാലയളവിലെ കണക്കുകളെ താരതമ്യം ചെയ്താണ് അയാട്ട സർവേയും റിപ്പോർട്ടും തയാറാക്കിയത്. കോവിഡ് തുടങ്ങിയശേഷം കടന്നുവന്ന ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഉയർന്ന ടിക്കറ്റ് വിൽപന നിരക്കാണിതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
18 വിപണികൾ വാക്സിൻ സ്വീകരിച്ചവർക്ക് പരിശോധനയും ക്വാറൻറീനും ഒഴിവാക്കിയപ്പോൾ 28 വിപണികൾ വാക്സിനെടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കാൻ സന്നദ്ധമായിട്ടുണ്ട്. പേക്ഷ, അവയിൽ 10 വിപണികൾ യാത്രക്ക് മുമ്പ് ഇപ്പോഴും പരിശോധന തുടരുന്നുണ്ട്.
37 വിപണികൾ വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര അനുവദിക്കുന്നുണ്ടെങ്കിലും നിരവധി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച 50 ട്രാവൽ മാർക്കറ്റുകളിൽ 13 എണ്ണം ഇപ്പോഴും വാക്സിനെടുത്തവർക്ക് എളുപ്പത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് അയാട്ട പറയുന്നു.