കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി പൊലീസ്. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ് എടുത്തിരിക്കുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്. കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 നാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദീപുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറിൽ പൊതു ദർശനത്തിന് വയ്ക്കും. അതിനുശേഷം വിലാപയാത്രയായി വീട്ടിൽ എത്തിക്കും.