തിരുവനന്തപുരം: തിരുവനന്തപുരത്തെ (Thiruvananthapuram) സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും (Missing Girls) കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റൽ അധികൃതർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നാണ് മൂന്ന് കുട്ടികൾ വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. ബസിൽ വീടുകളിലേക്ക് പോകുന്ന വഴിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇതിൽ ഒരു കുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു.
തൈക്കാട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോൺഫറൻസ് പൂർത്തിയാകാനും വൈകിയതിനാൽ കുട്ടികളെ വിട്ടയക്കുമ്പോഴേക്ക് രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് കുട്ടികളുടെയും നടപടികൾ പൂർത്തിയാകാനുള്ള താമസം കൊണ്ടാണ് കുട്ടികളെ വിട്ടയക്കാൻ വൈകിയതെന്നാണ് പൊലീസ് വിശദീകരണം.