കൊട്ടാരക്കര: ശാസ്താംകോട്ട ഡിബി കോളേജിലെ സംഘർഷത്തെ തുടർന്ന് കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. തിങ്കളാഴ്ച 11 മണിവരെയാണ് നിരോധനാജ്ഞ. കോളേജിനകത്ത് വിദ്യാർത്ഥികൾക്കിടയിലുണ്ടായ സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറൽ പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ജില്ലാ പരിധിയിൽ നാലിലധികം ആളുകൾ കൂട്ടംകൂടുന്നതും രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികൾ എന്നിവയും 21-ന് രാവിലെ 11 വരെ നിരോധിച്ചു. മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ല.
സംഘർഷത്തെ തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങളിൽ രാഷ്ട്രീയസംഘടനകൾ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഇത്തരം പരിപാടികളിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, അക്രമങ്ങൾ, പൊതുജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ വരുത്തൽ എന്നിവ ഉണ്ടാകാൻ ഇടയുള്ളതിനാലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് എസ് പി കെ ബി രവി പറഞ്ഞു.