തിരുവനന്തപുരം;പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ ഇന്ന് (ഫെബ്രുവരി 19) തദ്ദേശ സ്വയംഭരണ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് തദ്ദേശസ്വയംഭരണ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.
വകുപ്പ് സംയോജനത്തിന് മുമ്പ് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പൽ ദിനാഘോഷവുമൊക്കെയാണ് നടത്തിയിരുന്നത്. വകുപ്പ് സംയോജനം യാഥാർഥ്യമാകുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ ദിനാഘോഷമായി സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങൾ ഒന്നിച്ച് നടത്തുന്നതിനാൽ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പൽ ചെയർമാൻ, മേയർ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമായിട്ടുണ്ട്.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി വിതരണവും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണവും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൽ നടത്തും. പഞ്ചായത്ത് സംവിധാനത്തിന് നൽകിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പൽ കോർപ്പറേഷനും ഈ വർഷം മുതൽ നൽകുന്നുണ്ട്. തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും ഏർപ്പെടുത്തിയിട്ടുണ്ട്.