കൊച്ചി: കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ദീപുവിൻ്റെ മരണത്തിന് ഉത്തരവാദി എംഎൽഎ വി പി ശ്രീനിജനും സിപിഎമ്മുമെന്ന് ആവർത്തിക്കു കയാണ് ട്വന്റി ട്വന്റി. ചീഫ് കോഡിനേറ്റർ സാബു ജേക്കബ് രാവിലെ മാധ്യമങ്ങളെ കാണും.
രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുക. സംസ്കാരം ഇന്ന് നടക്കും. ദീപുവിൻ്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തിൽ ആകും ദീപുവിനെ സംസ്കരിക്കുക. അതിന് മുമ്പ് ട്വന്‍റി 20 നഗറിൽ മൂന്ന് മണി മുതൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്ക് കൊണ്ടുപോകും. ചടങ്ങുകൾക്കു ശേഷം സംസ്കരിക്കും. കഴിഞ്ഞ 12 നാണ് വിളക്കണയ്ക്കൽ സമരത്തിനിടെ ദീപുവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്.
ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.