ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമോഫോബിയ വർധിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ നടുക്കം പ്രകടിപ്പിക്കുന്നതായി ശശി തരൂർ എം.പി. ഇന്ത്യയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതെന്നും തരൂർ ട്വിറ്ററില്‍ കുറിച്ചു
ബിജെപി അംഗങ്ങൾക്ക് കുവൈത്തിൽ നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആ രാജ്യത്തെ പാർലമെന്റ് അംഗങ്ങൾ ഭരണകൂടത്തിന് കത്തെഴുതി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം നടുക്കമുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. ‘ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്’ എന്നാണവർ പറയുന്നത്.’ – തരൂർ ട്വീറ്റ് ചെയ്തു.
Domestic actions have international repercussions. I hear from friends across the Gulf of their dismay at rising Islamophobia in India &the PM’s unwillingness to condemn it, let alone act decisively against it. “We like India.But don’t make it so hard for us to be your friends”. https://t.co/Bj9es8fbfS
— Shashi Tharoor (@ShashiTharoor) February 18, 2022
മജ്ബൽ അൽ ശരീക എന്ന സംഘടനയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കുവൈത്ത് നാഷണൽ കൗൺസിലിലെ 11 അംഗങ്ങൾ, ബി.ജെ.പിക്കാരെ തങ്ങളുടെ രാജ്യത്ത് വിലക്കണമെന്നാവശ്യപ്പെട്ട് ഗവൺമെന്റിന് കത്തയച്ചിരുന്നു.