തിരുവനന്തപുരം: പള്ളിച്ചല്‍ പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കളിക്കാനും പഠിക്കാനും, കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വനിത ശിശുവികസന വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് അംങ്കണവാടി. സമൂഹത്തില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും സഹായത്തോടെ കേരളത്തിലെ അങ്കണവാടികള്‍ നവീകരിക്കാനും സ്മാര്‍ട്ട് അങ്കണവാടികളാക്കാനുമുള്ള നടപടികളുമായി വനിത ശിശുവികസന വകുപ്പ് മുന്നോട്ടുപോകുകയാണ്. ഓരോ പ്രദേശത്തെയും എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും സഹകരണവും ഇതിനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡില്‍ ഏഴാം നമ്പര്‍ അങ്കണവാടിയാണ് രാത്രിയില്‍ ഒരു രാഷ്ട്രീയ പാര്‍ടി കയ്യേറി അവരുടെ കൊടിയുടെ നിറത്തിലുള്ള പെയിന്റ് അടിച്ചത്.