ന്യൂഡൽഹി: യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് വിമാനസർവീസുകൾ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് സർവീസുകൾ. യുക്രെയ്നിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇന്ത്യയിലേക്കുമാണ് സർവീസ്. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്‍റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വ്വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിരുന്നു. യുക്രൈൻ സർവ്വീസിനുകൾ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് അവിടേക്ക് സർവ്വീസുകൾ നടത്താൻ എയർഇന്ത്യ തീരുമാനിച്ചത്. 18,000-ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്ക്.
യുക്രൈനിൽ നിന്ന് ആവശ്യത്തിന് വിമാന സര്‍വീസില്ലെന്ന പരാതി ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ, യുക്രൈയ്നിയന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സ്ഥാനപതി കാര്യാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം യുക്രൈനിലെ റഷ്യൻ അനുകൂലികളുടെ താവളങ്ങളിൽ ആക്രമണം നടത്തിയത് റഷ്യൻ സൈന്യം തന്നെയാണെന്ന് അമേരിക്ക അറിയിച്ചു. സംഘർഷം ഉണ്ടാക്കി യുക്രൈൻ അധിനിവേശത്തിന് വഴിയൊരുക്കുകയാണ് റഷ്യയെന്നും അമേരിക്കയും നാറ്റോയും കുറ്റപ്പെടുത്തി.