ബംഗളൂരു: ഹിജാബ് വിഷയം പൊതുസമൂഹത്തില്‍ നിലനില്‍ക്കാന്‍ ബിജെപിയെ എസ്‌ഡിപിഐ പിന്തുണയ്‌ക്കുകയാണെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം. വിഷയം പരിഹരിക്കപ്പെടാന്‍ എസ്‌ഡിപിഐ ഒരിക്കലും ആഗ്രഹിക്കുന്നില്ലന്നും കോണ്‍ഗ്രസ് ആരോപിച്ചു. ദക്ഷിണ കന്നഡ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം അദ്ധ്യക്ഷന്‍ ഷാഹുല്‍ ഹമീദാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഹിജാബ് പ്രശ്‌നം ആദ്യമായി ഉണ്ടായ ഉഡുപ്പി പി.യു കോളേജില്‍ അവിടുത്തെ വികസന സമിതി ഉപാദ്ധ്യക്ഷനും ബിജെപി നേതാവുമായ യശ്‌പാല്‍ സുവര്‍ണ പ്രശ്‌നം പരിഹരിക്കാതെ അത് ഊതിപ്പെരുപ്പിച്ചു. നിലവില്‍ വിവാദത്തില്‍ നിന്നും നേട്ടമുണ്ടാക്കാമെന്ന രാഷ്‌ട്രീയ വ്യാമോഹമാണ് ബിജെപിക്കുളളതെന്നും ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനുളള അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് വിവാദങ്ങള്‍ ആളിക്കത്തിക്കാനാണ് ശ്രമിച്ചിട്ടുളളതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെയും ഭരണഘടനയെയും ആക്രമിക്കുന്നരീതിയില്‍ ഹിജാബ് വിവാദം ആളികത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് നഖ്‌വി ആരോപിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഈ വിഷയത്തില്‍ മുസ്ളീം സമുദായത്തെ തെറ്റായി നയിച്ചെന്നും അദ്ദേഹം പറഞ്ഞു.