തിരുവനന്തപുരം: കെ-റെയിലിനെതിരെ സമരം ശക്തമാക്കാന്‍ കെപിസിസി. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അറിയിച്ചു. സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. വളരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി വ്യത്യസ്തമായ സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെകുറിച്ചുള്ള ദുരന്തത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തും. ഇതിനായി ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് എല്ലാ കലക്റ്ററേറ്റിലേക്കും ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന് പറഞ്ഞു. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കളക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ചുകള്‍ നടത്താനാണ് തീരുമാനമെന്നും സുധാകരന് വ്യക്തമാക്കി.
ബിജെപിയുടെ സമരമൊന്നും വിശ്വസത്തിലെടുക്കാനാകില്ല. നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എണീറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.