തിരുവനന്തപുരം: വാടക കുടിശ്ശിക ആവശ്യപ്പെട്ടതിന് വീട്ടുടമയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. തിരുവനന്തപുരം മുട്ടത്തറയിലാണ് സംഭവം. ശ്രിനു മണിയൻ എന്നയാളുടെ കുടുംബത്തെയാണ് ആക്രമിച്ചത്.
ഫെബ്രുവരി 17-ന് ആണ് സംഭവം നടന്നത്. 2015 മുതൽ ശ്രീനുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ശിവകുമാർ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുടമസ്ഥൻ പറയുന്നു. വാടക കുടിശ്ശികയായ 1.42 ലക്ഷം രൂപ തരണമെന്നും വീടൊഴിയണമെന്നും ആവശ്യപ്പെട്ടതിനാണ് മർദ്ദിച്ചതെന്നാണ് പരാതി.
മുട്ടത്തറ വടുവത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ശ്രീനുവിന്റെ വീട്. ഇതിന്റെ മുകൾ നിലയിലായിരുന്നു ശിവകുമാർ താമസിച്ചിരുന്നത്. കോവിഡ് ലോക്ക് ഡൗൺ ചൂണ്ടിക്കാട്ടി ഏറെനാൾ വാടക കുടിശ്ശിക വരുത്തി. ഇതിനിടെ ശ്രീനുവിന്റെ വീടിനോട് ചേർന്നുള്ള വീടും പുരയിടവും ശിവകുമാർ വാങ്ങുകയും ഇദ്ദേഹത്തിന്റെ പുരയിടത്തോട് ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇത് ചോദ്യംചെയ്യുകയും വിഷയം നഗരസഭയെ അറിയിക്കുകയും ചെയ്തിരുന്നെന്ന് ശ്രീനു പറയുന്നു.
ഇതിന് പിന്നാലെയാണ് ശിവകുമാർ തന്റെ സാധനങ്ങൾ എടുക്കാനായി എത്തിയതും വാടക കുടിശ്ശികയുടെ പേരിൽ തർക്കമുണ്ടാവുകയും ചെയ്തത്. കുടിശ്ശിക തരണമെന്നും തന്നില്ലെങ്കിൽ എന്നുതരുമെന്ന് എഴുതി നൽകണമെന്നും ശ്രീനു ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീനു പറയുന്നു.