നെടുമങ്ങാട്: പൊന്മുടിയിൽ വീണ്ടും കാട്ടാന റോഡിൽ ഇറങ്ങി. ഗതാഗതം 15 മിനിറ്റ് തടസ്സപ്പെട്ടു. പൊന്മുടി ബസിന് മുന്നിലാണ് ആനയിറങ്ങിയത്. ബസ് പിറകോട്ടെടുത്ത് നിർത്തിയിട്ടു. വ്യാഴാഴ്ച രാവിലെ 9.45നും ഉച്ചക്ക് 12 നുമാണ് ആന പൊന്മുടി റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിലെ റോഡിൽ ഇറങ്ങിയത്. ഉച്ചക്ക് വീണ്ടും റോഡിലിറങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വനത്തിലേക്ക് കയറ്റിവിട്ടു.
രണ്ടു ദിവസം മുമ്പ് കാട്ടാന റോഡിലിറങ്ങി നിന്നതോടെ 20 മിനിട്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടാഴ്ച്ചക്കിടയിൽ നാലാം തവണയാണ് കാട്ടാന റോഡിൽ ഇറങ്ങുന്നത്. കഴിഞ്ഞ ആഴ്ച്ചയിൽ ഇറങ്ങിയ കാട്ടാന ഒലട്ടിമരം തള്ളിയിട്ട് പൊന്മുടിയിലേക്കുള്ള വൈദ്യതി ബന്ധം തകർത്തിരുന്നു.