ചാരുംമൂട്: വേനൽ മഴയും കനാൽ വെള്ളവും തകർത്തത് നെൽകർഷകരുടെ പ്രതീക്ഷകൾ. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന പെരുവേലിച്ചാൽ – കരിങ്ങാലിച്ചാൽ പുഞ്ചയിൽ പുലിമേൽ ഭാഗത്ത് പാടശേഖരങ്ങളിൽ രണ്ടാഴ്ച മുമ്പ് നിലം ഒരുക്കി വിത്ത് വിതച്ച കർഷകരാണ് അപ്രതീക്ഷമായ വേനൽ മഴയിലും കനാൽവെള്ളത്തിലും ദുരിതത്തിലായത്. തുടരെ ഉണ്ടായികൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റങ്ങളെയും അതിജീവിച്ച കർഷകർ കൃഷി ഇറക്കിയ വകയിൽ ഉണ്ടായ ലക്ഷങ്ങളുടെ നഷ്ടം ഈ പ്രാവശ്യത്തെ കൃഷി വഴി തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കൃഷി ഇറക്കാൻ തീരുമാനിച്ചതും വിത്ത് വിതച്ചതും.
വേനൽ മഴയും കനാലുകൾ വഴി ഒഴുകിയെത്തിയ വെള്ളവും താഴ്ന്ന പാടശേഖരത്തിലെ മുഴുവൻ കൃഷിയെയും നശിപ്പിച്ചു.13 ഏക്കർ നിലത്ത് കൃഷിയിറക്കിയ നന്ദകുമാർ എന്ന കർഷകൻറെ പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. രണ്ടാഴ്ച മുമ്പ് 29,630 രൂപയുടെ വിത്ത് വാങ്ങിയാണ് വിതച്ചത്. വളവും കൂലിയുമടക്കം ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപയോളം ചെലവായി. ഇതെല്ലാം വെള്ളം കയറി നശിച്ച നിലയിലാണ്. പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തിരിച്ചുവിടാൻ മോട്ടോർ 24 മണിക്കൂർ പ്രവർത്തിപ്പിച്ചിട്ടും വെള്ളം കുറയാത്ത അവസ്ഥയാണുള്ളത്. പാടശേഖരങ്ങളിലെ വെള്ളം ഒഴുക്കിക്കളയാൻ പുലിമേൽ കൂമ്പിളി മലയിൽ പമ്പ് ഹൗസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെനിന്ന് കാര്യമായി വെള്ളം കടത്തിവിടാൻ കഴിയുന്നില്ല. പമ്പ് ഹൗസിൽനിന്ന് വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തായി മത്സ്യം പിടിക്കുന്നതായി വല കെട്ടി നിർത്തിയിരിക്കുകയാണ്. പായലും മാലിന്യങ്ങളും ചേറു മത്സ്യങ്ങളും ഈ വലയിൽ അടിഞ്ഞുകൂടുന്നതുമൂലം വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെടുന്നതായി ആക്ഷേപമുണ്ട്. വല രണ്ടു ദിവസത്തേക്ക് നീക്കം ചെയ്യണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.