ന്യൂഡൽഹി: ഖലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസാണ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര്യ ഖലിസ്ഥാൻ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാള്‍ പറഞ്ഞെന്നാണ് കുമാർ ബിശ്വാസ് വാർത്താ എജൻസിയോട് പറഞ്ഞത്. എന്നാല്‍ കുമാർ ബിശ്വാസിന്‍റെ വീഡിയോ വ്യാജമാണെന്നാണ് എഎപിയുടെ പ്രതികരണം. അതിനിടെ കുമാർ ബിശ്വാസിന് സുരക്ഷ വർധിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. മുന്‍ ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിൻ്റെ പ്രസ്താവന അരവിന്ദ് കെജ്രിവാളിനെതിരെ ആയുധമാക്കി ഇരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
കെജ്രിവാള്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാള്‍ നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. ആം ആംദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ അപകടകരമായിരിക്കുമെന്ന പരാമര്‍ശത്തോടെ ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചു. അരവിന്ദ് കെജ്രിവാള്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാലയും ആവശ്യപ്പെട്ടു. തീവ്രവാദികളുടെ വീട്ടിൽ ആപ് നേതാവിനെ കാണാമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിനെതിരെ രാഹുൽ തന്നെ തീവ്രവാദി എന്ന് വിളിച്ചു എന്ന് ആരോപിച്ച് കെജ്രിവാൾ രംഗത്തെത്തുകയും ചെയ്തിരുന്നു.