ബംഗ്ലൂരു: കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കോണ്‍ഗ്രസിൻ്റെ ആവശ്യം. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.
മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. മന്ത്രിയുടെ രാജി തീരുമാനം ഉണ്ടാകും വരെ സഭയിൽ തുടരാനാണ് കോൺഗ്രസിൻ്റെ തീരുമാനം. ഇന്ന് രാത്രിയും സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കും. മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറും, സിദ്ധരാമ്മയ്യയും ഇന്ന് രാത്രിയും സഭയിൽ തുടരും. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവർണ പതാക മാറ്റി വിദ്യാർത്ഥികൾ കാവിക്കൊടി ഉയർത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയുടെ വിവാദ പ്രസ്താവന.
”അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോൾ ആളുകൾ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷങ്ങൾക്കുള്ളിൽ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധർമ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകൾക്കുമുമ്പ് രാമന്‍റെയും ഹനുമാന്‍റെയും രഥങ്ങളിൽ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? എന്നാലിപ്പോള്‍ ത്രിവർണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പിന്നാലെ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് എംഎല്‍എമാരെ നിയന്ത്രിച്ചത്.