തിരുവനന്തപുരം: മൊറട്ടോറിയവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കുടിശ്ശിക പിഴ കൂടാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും ആറു മാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊറോണ കാരണം കടംകയറി സംസ്ഥാനത്തൊട്ടാകെ നിരവധി കര്‍ഷകരും കച്ചവടക്കാരുമാണ് ജീവനൊടുക്കിയത്. ബാങ്കുകളുടെ ജപ്തിനോട്ടീസ് കിട്ടിയ നിരവധി പേർ ആത്മഹത്യയുടെ വക്കിലാണ്.
കൊറോണയുടെ പിടിയിൽ നിന്നും നാട് ഇനിയും മോചിതമായിട്ടില്ല. ജപ്തിയെ സംബന്ധിച്ച് നിരവധി പരാതികളാണു ലഭിക്കുന്നത് കർഷകരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയ തേയുള്ളു. ആറ് മാസമെങ്കിലും എടുക്കും വിപണികൾ പൂർണ്ണതോതിലെത്താൻ. ഈ സാഹചര്യത്തിൽ സർക്കാർ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗ് (എസ് എൽ ബിസി) അടിയന്തരമായി വിളിച്ചുകൂട്ടി ജപ്തിനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയും, മൊറട്ടോറിയവും ഒറ്റത്തവണ തീർപ്പാക്കൽപദ്ധതിയും ആറ് മാസത്തേക്കുകൂടിയെങ്കിലും നീട്ടുന്നതിന് അടിയന്തര ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുകയും വേണണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.