കുട്ടനാട് : കുട്ടനാട് വീണ്ടും കൊയ്ത്തിനൊരുങ്ങുന്നു. പുഞ്ചക്കൃഷിയുടെ കൊയ്ത്ത് സീസൺ അടുത്ത ദിവസങ്ങളിൽ തുടങ്ങും. ഇത്തവണ കുട്ടനാട് മേഖലയിൽ മാത്രം 17,298 ഹെക്ടറിലാണ് പുഞ്ചക്കൊയ്ത്ത് നടക്കുന്നത്. ഈ മാസം അവസാനം തുടങ്ങുന്ന കൊയ്ത്ത് മേയ് അവസാനം വരെ നീളും.
എടത്വ മേഖലയിലെ 190 ഹെക്ടർ വരുന്ന ചിത്തിര കായലിലാണ് ആദ്യ കൊയ്ത്ത്. ഇത് 20ന് ആരംഭിക്കേണ്ടതാണ്. എന്നാൽ, നെല്ല് മൂപ്പെത്താത്തതിനാൽ അൽപം വൈകുമെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. 600 ഹെക്ടറോളം കായൽ നിലങ്ങളിലും കൊയ്യാനുണ്ട്. ആലപ്പുഴ ജില്ലയിൽ 587 പാടശേഖരങ്ങളിലായി ആകെ 26,626 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കിയത്. 56 മില്ലുടമകൾ നെല്ല് സംഭരിക്കാൻ കരാർ വച്ചിട്ടുണ്ട്.