ബ്രസൽസ് : പ്രവർത്തിദിനം ആഴ്ചയിൽ വെറും നാല് ദിവസമായി ചുരുക്കിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കാൻ ഒരുങ്ങി ബെൽജിയം. ശമ്പളത്തിൽ യാതൊരു കുറവും വരുത്താതെയാണ് ഈ രീതി നടപ്പാക്കുന്നത്. രാജ്യത്തെ തൊഴിൽ പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതുപ്രകാരം, ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായ ഉപകരണങ്ങൾ ഒഴിവാക്കാനും ജോലി സ്ഥലത്ത് നിന്നുള്ള സന്ദേശങ്ങൾക്ക് പ്രതികരിക്കാതിരിക്കാനും തൊഴിലാളികൾക്ക് അവകാശം നൽകുകയും ചെയ്യും.
തൊഴിലാളികളിലെ മാനസിക സമ്മർദ്ദം കുറച്ച് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തമാക്കുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യം.ജോലിയും ദൈനംദിന ജീവിതവും ബാലൻസ് ചെയ്ത് കൊണ്ടുപോകാനും ഇത് ഗുണം ചെയ്യും. നിലവിലെ അഞ്ച് ദിവസത്തെ ജോലി നാലായി ചുരുങ്ങുമ്പോൾ ഒരാൾക്ക് 38 മണിക്കൂർ വരെയാണ് ആഴ്ചയിൽ ആകെ ജോലി ചെയ്യേണ്ട സമയം. കരട് രൂപത്തിലുള്ള ഈ നിയമങ്ങൾക്ക് ഇനി പാർലമെന്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് മുന്നേ തൊഴിലാളി യൂണിയനുകളുമായി ചർച്ചകൾ നടത്തും. ഈ വർഷം മധ്യത്തോടെ നിയമം നടപ്പാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.