തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനിടെ സംസ്ഥാന സർക്കാർ-ഗവർണർ പോര് കൂടുതൽ രൂക്ഷമാകുകയാണ്. ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം. ഗവർണർ ഉന്നയിക്കുന്ന വിഷയം വേറെ ചർച്ച ചെയ്യുമെന്നും മന്ത്രി രാധാകൃഷ്ണൻ വിശദീകരിക്കുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് കത്തിലുണ്ടായിരുന്നത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായിഅവഹേളനമാണെന്ന ഗവർണർ തുറന്നിടിക്കുകയും ചെയ്തു.