കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകാന്തിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഇന്നലെയാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു.
കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും ശ്രീകാന്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്കി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ശ്രീകാന്തിന്റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരുന്നത്.