തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലത്തിനാണു രണ്ടാംസ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പ് (മലപ്പുറം ജില്ല) ആണ് ഒന്നാമത്, മുഖത്തല (കൊല്ലം), ളാലം (കോട്ടയം) എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പഞ്ചായത്തുകളിൽ മുളന്തുരുത്തി (എറണാകുളം) ഒന്നാം സ്ഥാനം നേടി. എളവള്ളി (തൃശൂർ), മംഗലപുരം (തിരുവനന്തപുരം) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. കോർപറേഷനുകളിൽ കോഴിക്കോടും നഗരസഭകളിൽ ബത്തേരിക്കുമാണ് ഒന്നാം സ്ഥാനങ്ങൾ. നഗരസഭകളിൽ രണ്ടാം സ്ഥാനം തിരൂരങ്ങാടിക്കാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിലാണു പുരസ്‌കാരങ്ങൾ നിശ്ചയിച്ചതെന്നു മന്ത്രി എം.വി.ഗോവിന്ദനും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തന മികവിനുള്ള മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങളും ജില്ലാതല പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയും ലഭിക്കും.