കൊച്ചി: ഹൈന്ദവ മതവുമായി ബന്ധപ്പെട്ട ആചാരങ്ങളിലെ ശാസ്ത്രീയതയും യുക്തിഭദ്രതയും വിലയിരുത്തേണ്ടത് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികൾ അല്ലെന്നും അക്കാര്യങ്ങളിലെ അവസാന വാക്ക് അവഗാഹവും പാണ്ഡിത്യവുമുള്ള സന്യാസിവര്യൻമാരും സമുദായ നേതൃത്യവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു മതവുമായി ബന്ധപ്പെട്ട് അനാദികാലമായി ഓരോ ക്ഷേത്രങ്ങളും പ്രദേശങ്ങളും തുടർന്നു വരുന്ന ആചാരങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് വിമർശിക്കുകയും നിരോധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട് പിന്തുടരുന്ന പ്രാകൃത ആചാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതിൻ്റെ പിന്നിലെ രഹസ്യം ഇന്ന് ഏവർക്കും മനസ്സിലാകുന്നുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.
ഹിന്ദുമതം എല്ലാ കാലങ്ങളിലും നവീകരണത്തിൻ്റെ പാത പിന്തുടർന്ന്, തെറ്റായ അനുഷ്ഠാനങ്ങളെ ഒഴിവാക്കാൻ ധൈര്യം കാണിച്ചിട്ടുണ്ട്. ആചാരനുഷ്ഠാനങ്ങളിലെ ശരിതെറ്റുകൾ ആപേക്ഷികം മാത്രമാണ്. എന്നാൽ സനാതന മതത്തിലെ ആചാരങ്ങളെ മാത്രം അശാസ്ത്രീയമെന്നു ദേവസ്വത്തിൻ്റെ ചുമതലയുള്ള മന്ത്രി പറയുമ്പോൾ വഖഫ് ചുമതലയുള്ള മുസ്ലീം മന്ത്രി തൻ്റെ മതവുമായി ബന്ധപ്പെട്ട പ്രാകൃത അനുഷ്ഠാനങ്ങളെ കുറിച്ച് കാണിക്കുന്ന നിശബ്ദത കണ്ടു പിടിക്കേണ്ടതാണ്. ഹിന്ദു മത വിശ്വാസമില്ലെന്ന് പരസ്യമായി പറയുന്ന ദേവസ്വം മന്ത്രിയും ഇസ്ലാമിക വിശ്വാസങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ടെന്ന് പറയുന്ന വഖഫ് മന്ത്രിയും ഇടതു രാഷ്ട്രീയത്തിലെ രണ്ടു മുഖങ്ങളാണ്.
കെ റെയിലിൻ്റെ കാര്യത്തിൽ പ്രമാണിമാരുടെ യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്താൻ മുൻകൈയ്യെടുത്ത സർക്കാർ നേതൃത്യം മത വിശ്വാസങ്ങളുടെ കാര്യത്തിലെ അഭിപ്രായ രൂപീകരണത്തിനും സമാന രീതിയിൽ ആചാര്യ – ധാർമ്മിക നേതൃത്വത്തോട് അഭിപ്രായം തേടണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും ആവശ്യപ്പെട്ടു.