തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലുള്ള മറുപടിയായാണ് സർക്കാർ ഈ നിലപാട് അറിയിക്കുന്നത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്നും ചാൻസിലർ പദവി ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരമാണെന്നും മന്ത്രിസഭ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാനായി ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയാണ് പൂഞ്ചികമ്മിറ്റി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിർണ്ണായക രേഖങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന സർക്കാർ 33 കാര്യങ്ങളിലാണു വിയോജിപ്പ് രേഖപ്പെടുത്തിയത്. ഗവർണർക്കു ഭരണഘടനാപരമായ അധികാരത്തിൽ തുടരാമെന്നും എന്നാൽ, ചാൻസലർ പദവി ഭരണഘടനയ്ക്കു പുറത്തുള്ള അധികാരമാണെന്നുമാണു സർക്കാർ നിലപാട്. രാജ്യസഭാ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സർക്കാരാണു റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കിടയിലാണ് സർക്കാർ ഇത്തരം നിലപാടെടുത്തതെന്നതും ശ്രദ്ധേയമാണ്.
പൂഞ്ചി കമ്മിഷൻ ശുപാർശകളെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം റിപ്പോർട്ടായി നൽകാൻ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഗവർണറുടെ പ്രവർത്തനം സംസ്ഥാന സർക്കാരുകളുടെ താൽപര്യത്തിനു വിധേയമായിരിക്കണമെന്നായിരുന്നു നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ആളെ ചാൻസലറായി നിയമിക്കണം. ഗവർണർ നിയമനത്തിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടണമെന്നും നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
ഗവർണർ -സർക്കാർ പോര് തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരം ഗവർണർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സർക്കാരെടുത്തത്. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ചാൻസിലർ പദവി തനിക്ക് വേണ്ടെന്ന നിലപാടാണ് ഗവർണർ എടുത്തത്. വൈസ് ചാൻസിർ നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്നാണ് ഗവർണർ അറിയിച്ചത്.