ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളെയും തുടരും. അഡ്വക്കേറ്റ് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ജിയിലെ വാദം നാളെയും തുടരുന്നത്.
നാളെ ഉച്ച തിരിഞ്ഞ് ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് ഹര്‍ജികള്‍ വീണ്ടും പരിശോധിക്കുക. ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ഒരു ഇടനിലക്കാരനെപ്പോലെ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഇടക്കാല ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരുന്നത്.
നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനൊപ്പമുള്ള ഷാളുകള്‍ ശിരോവസ്ത്രമായി ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിലുള്‍പ്പെടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരണമെന്നാണ് കോടതിക്കുമുന്നില്‍ ആവശ്യം ഉയര്‍ന്നത്.