ജുബൈൽ: സൗദി അറേബ്യയിൽ 30 വനിതാ ട്രെയിൻ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ പരസ്യത്തിനു ലഭിച്ചത് 28,000 അപേക്ഷകൾ. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നൽകിയ ശേഷം രാജ്യത്ത് നിരവധി തൊഴിലവസരങ്ങളാണ് വനിതകൾക്കായി തുറക്കുന്നത്.
ഒരു കാലത്ത് പുരുഷന്മാർക്കും കുടിയേറ്റ തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജോലികൾ ഇപ്പോൾ സ്ത്രീകൾ ഏറ്റെടുത്തു തുടങ്ങിയതിന്റെ പ്രതിഫലനമാണ് വനിതാ ട്രെയിൻ ഡ്രൈവർക്കായുള്ള അപേക്ഷകരുടെ വർധനവ് സൂചിപ്പിക്കുന്നത്. അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിൽ നടന്ന ഓൺലൈൻ വിലയിരുത്തലിൽ ഇവരിൽ പകുതിയോളം പേർ പുറത്തായതായി സ്പാനിഷ് റെയിൽവേ ഓപ്പറേറ്റർ റെൻഫെ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട 30 വനിതകൾ ഒരു വർഷത്തെ ശമ്പളത്തോട് കൂടിയ പരിശീലനത്തിന് ശേഷം മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിച്ചുതുടങ്ങും. 80 പുരുഷന്മാരെയും ഡ്രൈവർമാരായി നിയമിക്കും.
സൗദിയിൽ വനിതകൾക്കുള്ള തൊഴിലവസരങ്ങൾ അടുത്തിടെ വരെ അധ്യാപന, ആരോഗ്യ മേഖലകളിൽ പരിമിതപ്പെടുത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തൊഴിൽ ശക്തിയിലെ സ്ത്രീ പങ്കാളിത്തം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 33 ശതമാനമായി വർധിച്ചു.