തിരുവനന്തപുരം: കെ എസ് ഇ ബിയിലെ അഴിമതി ആരോപണത്തിൽ പോരടിച്ച് നേതാക്കൾ രംഗത്ത്. കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നുമുള്ള മുൻ മന്ത്രി എം എം മണിയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവനയെ തള്ളിയ അദ്ദേഹം, അഴിമതി നടന്നുവെങ്കില് എന്ത് കൊണ്ട് കഴിഞ്ഞ ആറ് വർഷം എൽഡിഎഫ് ഭരിച്ചിട്ടും നടപടി എടുത്തില്ലെന്ന് ചോദിക്കുകയും ചെയ്തു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാത്തതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ നടപടി എടുക്കാത്തത്. സർക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
കെഎസ് ഇബി അഴിമതി ആരോപണത്തിൽ പ്രതികരിക്കവേയാണ് കോൺഗ്രസ് മുൻ സർക്കാരിനെതിരെ എം എം മണി രംഗത്തെത്തിയത്. കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബിയിൽ കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നും കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.