ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാടി’യ്‌ക്കെതിരെ യഥാർത്ഥ ഗാംഗുഭായിയുടെ കുടുംബം. ഗംഗുഭായിയുടെ ദത്തുപുത്രൻ ബാബു റാവുജി ഷായും ചെറുമകൾ ഭാരതിയുമാണ് രംഗത്തെത്തിയത്. ചിത്രം തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം.
അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും ഇവർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രെയ്‌ലർ റിലീസ് ചെയ്തത് മുതൽ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ പറയുന്നു.
‘ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ’ എന്നും നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം കാമാത്തിപ്പുര പശ്ചാത്തലമാക്കിയാണ് ഒരിക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 25ന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് ആരോപണവുമായി ഗംഗുഭായിയുടെ കുടുംബം രംഗത്തെത്തിയത്. 2021ല്‍ ചിത്രത്തിനെതിരെ കുടുംബം ഹർജി സമര്‍പ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയച്ചു.
ശേഷം ബോംബെ ഹൈക്കോടതി സിനിമയ്‌ക്കെതിരേയുള്ള നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുക ആയിരുന്നു. അതേസമയം, അജയ് ദേവഗണും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ‘കരീം ലാല’യെന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗണ്‍ എത്തുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം.
ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രതീക്ഷ. ‘പദ്‍മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.