റിയാദ്: കരാർ കമ്പനി റൂമിൽ പൂട്ടിയിട്ട മലയാളി വനിതയെ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. റിയാദിലെ മലസിലുള്ള ഫ്ലാറ്റിൽ ദിവസങ്ങളായി പുറംലോകം കാണാൻ അനുവദിക്കാതെ പൂട്ടിയിടപ്പെട്ട കായംകുളം സ്വദേശിനിയാണ് നാടണഞ്ഞത്. സൗദിയിൽ റഫ പട്ടണത്തിലുള്ള ഒരു കരാർ കമ്പനിയിൽ കഴിഞ്ഞ മൂന്നു വർഷമായി ശുചീകരണ ജോലി ചെയ്തു വന്ന കായംകുളം സ്വദേശിനി കഴിഞ്ഞ മാസം നാട്ടിൽ പോകുന്നതിനായി കമ്പനി തന്നെ ഏർപ്പാടാക്കിയ വാഹനത്തിൽ റിയാദിൽ എത്തിയപ്പോഴാണ് ഫ്ലാറ്റിൽ പൂട്ടിയിട്ടത്. കമ്പനി ജീവനക്കാരനായ ബംഗാളി ഡ്രൈവർ കമ്പനി അധികൃതരുടെ നിർദേശപ്രകാരം മലസിലുള്ള ഫ്ലാറ്റിൽ വളരെ കുറച്ച് മാത്രം ഭക്ഷണസാധനങ്ങൾ നൽകി അവിടെ പൂട്ടിയിട്ട് പോവുകയായിരുന്നു. പാസ്പോർട്ട് കമ്പനിയുടെ അടുക്കലില്ല എന്നു പറഞ്ഞാണ് അവരെ പൂട്ടിയിട്ടത്. ഒരു മാസത്തോളം പുറംലോകം കാണാതെ അവർക്ക് അവിടെ കഴിയേണ്ടിവന്നു.