ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിൻ്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിൻ്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഫത്തേഹ് മുഹമ്മദ് എന്നയാള്‍ സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നാലുപ്രതികളെയും പോലീസ് പിടികൂടിയത്.
സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് 5000ത്തോളം പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കനത്ത പോലീസ് സുരക്ഷയും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. റോഡില്‍ കിടക്കുകയായിരുന്ന പശുക്കുട്ടിയെ അറസ്റ്റിലായ നാല് പേരില്‍ ഒരാള്‍ പീഡിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സംഘത്തിലെ രണ്ട് പേരാണ് ഇത് വീഡിയോയില്‍ ചിത്രീകരിച്ചത്.
മറ്റൊരാള്‍ ശബ്ദമുണ്ടാക്കരുതെന്ന് പറയുന്നതും വീഡിയോയിലുണ്ട്. പശു മോഷണവും അതുമായി ബന്ധപ്പെട്ട് പോലീസും മോഷ്ടാക്കളും തമ്മില്‍ ഏറ്റുമുട്ടലും ആള്‍ക്കൂട്ട ആക്രമണവുമടക്കം നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. പശുക്കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി.