റിയാദ്: ലോകപ്രശസ്ത കലാകാരന്മാരെയും അത്യാധുനിക സാങ്കേതികസൗകര്യങ്ങളോടെ വിനോദപരിപാടികളും അരങ്ങിലെത്തിച്ച് ഒക്ടോബറിൽ കൊടിയേറിയ റിയാദ് സീസൺ ആഘോഷം ആസ്വദിക്കാനെത്തിയവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കൃത്യമായ കണക്കനുസരിച്ച് 125 രാജ്യങ്ങളിൽനിന്നായി 1,10,00,845 പേരാണ് വിവിധ വേദികളിൽ അരങ്ങേറിയ കലാസാംസ്കാരിക പരിപാടികൾക്ക് സാക്ഷിയായത്. റിയാദ് നഗരവാസികളാണ് ഈ പ്രേക്ഷകരിൽ കൂടുതലും. രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് 16 ലക്ഷം പേരും വിദേശത്തുനിന്ന് 10 ലക്ഷം പേരും എത്തി. അമേരിക്കയിൽനിന്ന് 22,532, ബ്രിട്ടൻ 20,014, ഫ്രാൻസ് 8815, റഷ്യ 8227, കാനഡ 7332 എന്നിങ്ങനെയാണ് പ്രമുഖ രാജ്യങ്ങളിൽനിന്ന് വന്ന സന്ദർശകരുടെ കണക്ക്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കലാകാരന്മാരും സന്ദർശകരും സീസൺ ആസ്വദിച്ചതായി സംഘാടകർ അറിയിച്ചു.
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ശിൽപ ഷെട്ടിയുമുൾപ്പെടെ ഇന്ത്യൻ കലാകാരന്മാരുടെ സംഘമെത്തി ഒരുക്കിയ താരനിശ റിയാദ് സീസൺ ആഘോഷത്തിന് ഇന്ത്യൻ പൊലിമ നൽകി. സൗദിയിലെ ഇന്ത്യക്കാരെ സീസൺ ആഘോഷത്തിലേക്ക് ആകർഷിക്കാൻ ഇത് കാരണമായി. 10 അന്താരാഷ്ട്ര എക്സിബിഷനുകൾ, 350ലധികം തിയറ്റർ പ്രദർശനങ്ങൾ, അന്താരാഷ്ട്ര വാഹനപ്രദർശനവും ലേലവും, നൂറു കണക്കിന് ഇലക്ട്രോണിക് ഗെയിമുകളും ബന്ധപ്പെട്ട മത്സരങ്ങളും, ലോകപ്രശസ്ത ഭക്ഷണ ബ്രാൻഡുകളുടെയും കഫേകളുടെയും ഭക്ഷണശാലകൾ തുടങ്ങി എല്ലാ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ച് പാകപ്പെടുത്തിയതായിരുന്നു എല്ലാ വേദികളും. ലോകപ്രശസ്ത റാപ്പർ പിറ്റ്ബുളും അറബ് സംഗീതജ്ഞരായ അമർ ദിയാബും മുഹമ്മദ് അബ്ദുവും നാൻസി അജറാമും അവതരിപ്പിച്ച സംഗീത രാവുകൾ ആസ്വാദകർക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്.