അഹമ്മദാബാദ്: വിവാഹേതര ബന്ധം സമൂഹത്തിൻ്റെ കണ്ണിൽ സദാചാരവിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാരണത്താൽ 2013-ൽ പിരിച്ചുവിടപ്പെട്ട പോലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിൻ്റെ 25 ശതമാനം നൽകാനും ജസ്റ്റിസ് സംഗീതാ വിശൻ ഉത്തരവിട്ടു.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്, പരാതിക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ കുടുംബ സമേതം ഷാഹിബാഗില്‍ താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ ഒകു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധം ഉള്ളതായി പോലീസ് ഉന്നതര്‍ക്ക് പരാതി ലഭിച്ചു. ഈ സ്ത്രീയുടെ ബന്ധുക്കള്‍ തന്നെയാണ് പരാതി നല്‍കിയത്.
ഇതിനായി വിധവയായ സ്ത്രീയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ബന്ധുക്കള്‍ പോലീസിന് കൈമാറിയിരുന്നു. ഇതില്‍ പോലീസ് മേധാവികള്‍ പോലീസുകാരനില്‍ നിന്നും വിശദീകരണം ചോദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ എന്നാണ് സ്ത്രീയും പോലീസുകാരനും പറഞ്ഞത്.
എന്നാല്‍ പോലീസ് കമ്മീഷ്ണര്‍ വിശദമായ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇയാളെ പോലീസ് സേനയില്‍ നിന്നും പുറത്താക്കിയത്. വിധവയായ സ്ത്രീയെ പോലീസുകാരന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കേണ്ട പോലീസുകാരന്‍റെ നടപടി തീര്‍ത്തും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സ്വഭാവദൂഷ്യവും റിപ്പോര്‍ട്ടില്‍ അന്ന് പോലീസ് കമ്മീഷ്ണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് പോലീസുകാരനെ പിരിച്ചുവിട്ടു. ഇതിനെതിരെയാണ് പോലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും. കൃത്യമായ അന്വേഷണം സംഭവത്തില്‍ നടന്നില്ലെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.
ഒരുതരത്തിലുള്ള ചൂഷണവും താനും വിധവയായ സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ ഇല്ലെന്ന് പോലീസുകാരന്‍ വാദിച്ചു. പോലീസുകാരന്‍റെ വാദം അംഗീകരിച്ച കോടതി ഏകപക്ഷീയമായി അന്വേഷണം നടത്തി പോലീസ് തീര്‍പ്പിലെത്തിയെന്ന് കോടതി നിരീക്ഷിച്ചു. ചൂഷണം പോലുള്ള കാര്യങ്ങള്‍ ഇവിടെ നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പോലീസുകാരന്‍റെ ഹര്‍ജി അംഗീകരിച്ച് ഉത്തരവിട്ടു. സ്വകാര്യമായ ബന്ധത്തെ പെരുമാറ്റ ദൂഷ്യമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.