ന്യൂഡൽഹി: നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കി ഗതാഗത മന്ത്രാലയം. കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം നിർദേശിക്കുന്നു.
1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിയെ ഓവർകോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിൻ്റെ ബെൽറ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്.
ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം. നൈലോണ്‍ കുഷ്യന്‍ വേണം. പിന്നിലിരിക്കുന്ന കുട്ടിക്ക് ബിഐഎസ് നിലവാരമുള്ള ഹെര്‍മറ്റും നിര്‍ബന്ധമാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ 2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക. 2021 ഒക്ടോബർ 25ന് ഇതിൻ്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവിറക്കിയത്.