ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 11 പേര്‍ മരിച്ചു. വിവാഹ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ച 11 പേരും വനിതകളാണ്. ചടങ്ങുകള്‍ കാണാനിരുന്ന സ്ലാബ് തകര്‍ന്നാണ് ദുരന്തമുണ്ടായത്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവം.
അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആഘോഷങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ ഇരുന്നതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായമായി നല്‍കും.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.