തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. 18നാണ് മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതി കേസ് പരിഗണിക്കുക.
മധു കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കിയിട്ടുണ്ട്. ഈ മാസം 18നാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ് മാറ്റിയിരുന്നത്.
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടു പോകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്. മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്. കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ കേസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നാണ് കേസിൽ ഹാജരാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വി.ടി രഘുനാഥ് വ്യക്തമാക്കി.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്.