കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ഇന്ത്യയ്ക്കായി ഓപ്പണറുമാരായ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കമാണ് കുറിച്ചത്. 19 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 40 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 35 റണ്‍സും നേടി.
വിരാട് കോഹ്ലി 17 റണ്‍സെടുത്ത് പുറത്തായി. 34 റണ്‍സെടുത്ത സൂര്യകുമാർ യാദവും 24 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും ചേര്‍ന്ന് പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തത്. നിക്കോളാസ് പൂരന്റെ അർധ സെഞ്ചുറിയാണ് വിൻഡീസിന് കരുത്തായത്. 43 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 61 റണ്‍സാണ് പൂരൻ നേടിയത്.
പൂരന് കൈൽ മേയേഴ്സും പിന്തുണ നൽകി. മേയേഴ്സ് 24 പന്തിൽ 31 റണ്‍സെടുത്തു. പൂരനും മേയേഴ്സനും ചേർന്നും 47 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. അകേൽ ഹൊസൈൻ 10 റണ്‍സും നേടി. നായകൻ പൊള്ളാർഡ് 19 പന്തിൽ 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി സ്പിന്നര്‍ രവി ബിഷ്ണോയ് അരങ്ങേറ്റം കുറിച്ചു. ബിഷ്ണോയി നാല് ഓവറിൽ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് നേടി. ഇന്ത്യയുടെ ആറാം ബൗളിങ് ഓപ്ഷനായ വെങ്കടേഷ് അയ്യര്‍ ഈ മത്സരത്തില്‍ ഒരു ഓവര്‍ എറിഞ്ഞു. നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത വെങ്കടേഷിന് പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല.