ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തില്‍ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി ഹിബാജ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുക. നാലാം ദിവസവും വാദം തീരാത്ത പശ്ചാത്തലത്തിലാണ് കേസ് നാളെയും പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ച് തന്നെയാണ് നാളെയും കേസ് പരിഗണിക്കുക.
ഇടക്കാല ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചത്.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട റിട്ട് അപേക്ഷകളാണ് നാളെ കോടതി പരിഗണിക്കാനിരിക്കുന്നത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനൊപ്പമുള്ള ഷാളുകള്‍ ശിരോവസ്ത്രമായി ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിലുള്‍പ്പെടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരണമെന്നാണ് കോടതിക്കുമുന്നില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.