കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരവസ്ഥ വിവരിച്ച് സംവിധായിക ഐഷ സുല്‍ത്താന. ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്. പല രോഗികളും കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് എത്താൻ സാധിക്കാതെ ദ്വീപിലും,കൊച്ചിയില്‍ എത്തിയവർക്ക് തിരിച്ചു ദ്വീപിലേക്കും പോവാൻ പറ്റാതെ കുടുങ്ങി നിൽക്കുന്നൊരു അവസ്ഥയാണെന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.
കോറൽ എന്ന കപ്പൽ മാത്രമേ ഓടുന്നുള്ളു ബാക്കി കപ്പലുകളുടെ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ എന്ന നിസ്സാര കാരണങ്ങൾ കാണിച്ചു കൊണ്ട് ഇവിടെ പിടിച്ചിട്ടിരിക്കുന്നു, എല്ലാ കപ്പലുകൾക്കും മൂന്ന് മൂന്ന് മാസം കൂടുമ്പോൾ ടൈം ബൗണ്ട് ഉള്ളതാണ്, അതൊക്കെ അപ്പൊ അപ്പൊ ക്ലിയർ ചെയ്യുന്നതുമാണ്, ഇനിയിപ്പോ കപ്പലുകൾക്ക് വേറെ എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ ആൻഡമാനിന്നു കപ്പൽ കൊണ്ട് വന്നിട്ട് ദ്വീപിലെക്ക് ഓടിച്ചിട്ടുള്ള ചരിത്രവും ഭരണവും ഉണ്ടായിട്ടുണ്ടെന്നും ഐഷ പറഞ്ഞു.
മൺസൂണിലെ കാലാവസ്ഥ മോശമായി വരുമ്പോൾ ഈ ഒരു കപ്പലാണ് ദ്വീപിലേക്ക് ഓടുന്നതെങ്കിൽ കഴിക്കാനൊരു പച്ചക്കറി പോലും ആ പത്ത് ദ്വീപിലും ഉണ്ടാവില്ലെന്നും ഐഷ ചൂണ്ടിക്കാട്ടി.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
ഒരു കാര്യം കേട്ടതിന്റെ അടിസ്ഥാനത്തിൽ അതൊക്കെ ശെരിയാനൊന്നു ചെക്ക് ചെയ്യാൻ വേണ്ടി രാത്രി ഏതാണ്ടൊരു പത്തരമണിക്ക് ഞാൻ വില്ലിങ് ടെൻ ഐലൻഡിലേക്ക് പോയി, അവിടെ ഞാൻ കണ്ട കാഴ്ച വളരെ അധികം ദയനീയമായിരുന്നു,ആ നേരത്ത് പോലും ലക്ഷദ്വീപിലെ സ്ത്രീകളും കുട്ടികളുമടക്കം ടിക്കറ്റിന് ക്യു നിൽക്കുന്നതാണ്…😔 ഞാനവരോട് ചോദിച്ചു ഈ നേരത്ത് എന്തിനാ നിൽക്കുന്നത്? രാവിലെ അല്ലേ ടിക്കറ്റ് കൊടക്കാർ? അവരുടെ മറുപടി: ഞങ്ങൾ തുടരെ തുടരെ വന്നിട്ടും ഇതുവരെ ടിക്കറ്റ് കിട്ടിട്ടില്ല മാസങ്ങളായി
ദ്വീപിലേക്ക് പോവാൻ പറ്റാതെ ഞങ്ങളിവിടെ കുടുങ്ങി കിടക്കുന്നു, ഇവിടത്തെ ഞങളുടെ ചിലവും താങ്ങാൻ സാധിക്കുന്നില്ല, ഈ ഒരു രാത്രി വെളുപ്പിച്ചാൽ ടിക്കറ്റ് ചിലപ്പോ കിട്ടിയാലോ…
അതും വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റിനാണ് ഈ ക്യു എന്നത് എന്നെ ഞെട്ടിച്ചൊരു കാര്യമാണ്…
ലക്ഷദ്വീപിലെ വികസനം കൂടുന്നതിന്റെ ഭാഗമായാവും ദ്വീപിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ എണ്ണം വെട്ടി കുറച്ചത് അല്ലേ…?
ഇത്രയിക്കും ആ മനുഷ്യരെ ദ്രോഹിക്കാൻ അവരെന്താ നിങ്ങളോട് ചെയ്തത്?
ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്… പല രോഗികളും ഇവിടത്തെ ഹോസ്പിറ്റലിലേക്ക് എത്താൻ സാധിക്കാതെ ദ്വീപിലും, ഇവിടെ എത്തിയവർക്ക് തിരിച്ചു ദ്വീപിലേക്കും പോവാൻ പറ്റാതെ കുടുങ്ങി നിൽക്കുന്നൊരു അവസ്ഥയാണ്…
കോറൽ എന്ന കപ്പൽ മാത്രമേ ഓടുന്നുള്ളു ബാക്കി കപ്പലുകളുടെ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ എന്ന നിസ്സാര കാരണങ്ങൾ കാണിച്ചു കൊണ്ട് ഇവിടെ പിടിച്ചിട്ടിരിക്കുന്നു, എല്ലാ കപ്പലുകൾക്കും മൂന്ന് മൂന്ന് മാസം കൂടുമ്പോൾ ടൈം ബൗണ്ട് ഉള്ളതാണ്, അതൊക്കെ അപ്പൊ അപ്പൊ ക്ലിയർ ചെയ്യുന്നതുമാണ്, ഇനിയിപ്പോ കപ്പലുകൾക്ക് വേറെ എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ ആൻഡമാനിന്നു കപ്പൽ കൊണ്ട് വന്നിട്ട് ദ്വീപിലെക്ക് ഓടിച്ചിട്ടുള്ള ചരിത്രവും ഭരണവും ഉണ്ടായിട്ടുണ്ട്…
അന്നൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ഭരണമായിരുന്നു…
ഇന്നോ?
ഈ പാവപ്പെട്ട മനുഷ്യരെ ബുദ്ധിമുട്ടിചിട്ട് പുകച്ചു പുറത്ത് ചാടിക്കുക എന്ന നയമാണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്…
എന്നാൽ വരും ദിവസങ്ങളെ ഓർത്താണ് എനിക്ക് ഭയം… കാരണം മൺസൂണിലെ കാലാവസ്ഥ മോശമായി വരുമ്പോൾ ഈ ഒരു കപ്പലാണ് ദ്വീപിലേക്ക് ഓടുന്നതെങ്കിൽ കഴിക്കാനൊരു പച്ചക്കറി പോലും ആ പത്ത് ദ്വീപിലും ഉണ്ടാവില്ല…
അവരും ഒരു കൂട്ടം മനുഷ്യരാണ്, കുറച്ചെങ്കിലും മനുഷ്വത്വം കാണിചൂടെ…