കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേസിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. വിചാരണക്കോടതിയുടെ ഉത്തരവു മറികടന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന ദിലീപിന്റെ വാദത്തെയും പ്രോസിക്യൂഷന് എതിര്‍ത്തു.
ആക്രമണത്തിന് ഇരയായ നടിയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ നടി പരാതി ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കി പോലീസ് നല്കിയ റിപ്പോര്‍ട്ടും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടര്‍ ചാനലിനും ഉടമയായ നികേഷ് കുമാറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആ നിലയ്ക്ക് ഹര്‍ജി പ്രസക്തമല്ലെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി നികേഷ്കുമാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ദിലീപിന്റെ അഭിഭാഷകന് സമയം തേടി. തുടര്‍ന്ന് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഹര്‍ജി 24 നു പരിഗണിക്കാനായി മാറ്റി.